ശാസ്ത്രകൽപ്പിത സിനിമകളുടെ കഥകളിലെല്ലാം കൂടുതൽ അമേരിക്കയിലിറങ്ങുന്ന അന്യഗ്രഹ ജീവികളുടെ പേടകങ്ങളും മറ്റുമായതിനാലാവാം, യുഎഫ്ഒ സൈറ്റിങ് കൂടുതൽ അമേരിക്കയിലാകാം എന്നൊരു തെറ്റിദ്ധാരണ വന്നത്. എന്നാലിതാ കാനഡയിലും ധാരാളം യുഎഫ്ഒ കാഴ്ചകളുണ്ട്.
കാനഡയിൽ ഏറ്റവും കൂടുതൽ അജ്ഞാതപേടകങ്ങൾ (യുഎഫ്ഒ) കാണപ്പെടുന്നത് ഒന്റാരിയോ പ്രവിശ്യയിലാണെന്ന് പഠനം. 2023ൽ 113 യുഎഫ്ഒ ദർശനങ്ങളാണ് കാനഡയിൽ സംഭവിച്ചത്. ഇവയിൽ 48ഉം ഒന്റാരിയോയിലാണെന്ന് പഠനം പറയുന്നു. ബ്രിട്ടിഷ് കൊളംബിയയിൽ 26, ആൽബെർട്ടയിൽ 16 ക്യുബെക്കിൽ 7, നോവ സ്കോട്ടിയയിൽ 6 എന്നിങ്ങനെ യുഎഫ്ഒകളെ ദർശിച്ചെന്നാണ് നാഷനൽ യുഎഫ്ഒ റിപ്പോർട്ടിങ് സെന്റർ പുറത്തുവിട്ട കണക്ക്.
ലോകത്ത് പലപ്പോഴായി തങ്ങളുടെ വൈമാനികരും വ്യോമസൈനികരും കണ്ടിട്ടുള്ള വിചിത്രമായ ആകാശവാഹനങ്ങളെക്കുറിച്ചുള്ള പ്രഥമദൃഷ്ട്യാ വിവരങ്ങൾ യുഎസ് സർക്കാർ രേഖപ്പെടുത്തി റെക്കോർഡായി സൂക്ഷിക്കുന്ന പതിവുണ്ട്. 2021ൽ യുഎസ് പ്രതിനിധി സഭയും പെന്റഗണും ചേർന്ന് യുഎഫ്ഒ റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളിലായി ദൃശ്യമായ 143 യുഎഫ്ഒ എന്നു സംശയിക്കുന്ന വാഹനങ്ങളുടെ വിവരങ്ങൾ ഈ റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ അയൽരാജ്യമായ കാനഡയ്ക്ക് പറക്കുംതളികകളിലും യുഎഫ്ഒകളിലുമൊന്നും വലിയ താത്പര്യമില്ല. അതിനാൽ തന്നെ അവർ ഇത്തരം സംഭവങ്ങൾ റെക്കോർഡ് ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്യാറില്ല.
എങ്കിലും യുഎഫ്ഒ എന്നു സംശയിക്കപ്പെടുന്ന പ്രശസ്തമായ ചില സംഭവങ്ങൾ കാനഡിയിൽ സംഭവിച്ചിട്ടുണ്ട്. 1951ൽ ന്യൂ ഫൗണ്ട്‌ലാൻഡിലെ ഗാൻഡറിൽ നിന്ന് ഐസ്‌ലൻഡിലേക്കു പറന്ന ഒരു യുഎസ് നേവി വിമാനം ഓറഞ്ച് നിറത്തിലുള്ള ഒരു വിചിത്രവാഹനവുമായി കൂട്ടിയിടിയുടെ വക്കിലെത്തിയതാണ് ഇതിൽ ആദ്യത്തേത്.2014ൽ പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ആകാശത്ത് വിചിത്രമായ വെളിച്ചങ്ങൾ തെളിഞ്ഞതും ഇത്തരത്തിലൊരു നിഗൂഢ സംഭവമായിട്ടാണു വ്യാഖ്യാനിക്കപ്പെട്ടത്.
2021 ജൂലൈ 30ന് കടുംപച്ച നിറത്തിലുള്ള ഒരു പറക്കും തളിക മേഘങ്ങൾക്കിടയിലേക്ക് ഊളിയിട്ടുമറയുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി രണ്ട് പൈലറ്റുമാർ രംഗത്തെത്തി.
കാനഡയുടെ അറ്റ്ലാന്റിക് തീരത്തിനടുത്തുള്ള സെയ്ന്റ് ലോ ഉൾക്കടലിനു മുകളിലാണു സംഭവം നടന്നതെന്നും ഇവർ വിവരിക്കുന്നു.കാനഡയിലെ ക്യുബക്കിനും ന്യൂഫൗണ്ട്‌ലാൻഡിനും ഇടയ്ക്കുള്ള പ്രദേശമാണ് ഇത്. രണ്ടു പൈലറ്റുമാരും വ്യത്യസ്ത വിമാനങ്ങളിലെ ജീവനക്കാരാണ്. ഒരാൾ സൈനിക വിമാനം പറപ്പിക്കുന്നയാളും മറ്റെയാൾ യാത്രാ വിമാന പൈലറ്റുമാണ്.ഇവർ തമ്മിൽ നേരിട്ടു ബന്ധമില്ല.
സംഭവം നടക്കുമ്പോൾ കാനഡയിലെ ഒന്റാരിയോയിൽ നിന്നു ജർമനിയിലെ കൊളോണിലേക്കു പോകുകയായിരുന്നു സൈനിക വിമാനം. യാത്രാവിമാനം യുഎസിലെ ബോസ്റ്റണിൽ നിന്ന് നെതർലൻഡ്സിലെ ആംസ്റ്റർഡാമിലേക്കു യാത്ര തിരിച്ചതായിരുന്നു. പറക്കും തളികയെന്നു സംശയിക്കുന്ന വസ്തു കണ്ട മാത്രയിൽ സൈനിക വാഹനത്തിലെ പൈലറ്റ് ആയിരം അടി മുകളിലേക്കു വിമാനം കയറ്റി നിരീക്ഷണം നടത്തി. എന്നാൽ അപ്പോഴേക്കും വസ്തു മേഘങ്ങൾക്കിടയിൽ അതിവേഗത്തിൽ മറഞ്ഞിരുന്നു.
കഴിഞ്ഞവർഷം കാനഡയുടെ തലസ്ഥാനം ഒന്റാരിയോയുടെ മുകളിലെ ആകാശത്തുകൂടി പറന്നുപോയ ത്രികോണാകൃതിയിലുള്ള വിചിത്രപേടകം ആശങ്ക പരത്തിയിരുന്നു. സായാഹ്ന സവാരിക്കിറങ്ങിയ കനേഡിയൻ ദമ്പതികളാണ് അന്യഗ്രഹ പേടകം കണ്ടതും ചിത്രമെടുത്തതും. ത്രികോണാകൃതിയിലുള്ള ഒരു യുഎഫ്ഒ ആണിതെന്ന് അന്ന് ദമ്പതിമാർ പറഞ്ഞു. കറുത്ത നിറമായിരുന്നു ഇതിനുള്ളത്.
വെള്ളയും ചുവപ്പും നിറത്തിലുള്ള പ്രകാശങ്ങളും യുഎഫ്ഒയുടെ മധ്യത്തിലായി ഉണ്ടായിരുന്നെന്നും നിശ്ശബ്ദമായിട്ടാണു പേടകം മുന്നോട്ടുനീങ്ങിയതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
Más historias